ഓണം;വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഒരു അപഗ്രഥന പഠനം

SHARE:

ഉത്ഭവത്തിൽ ധാരാളം ഐതിഹ്യങ്ങൾ നിലനിൽക്കുന്നതും അതേസമയം ഹിന്ദുമത വിശ്വാസികൾ അവരുടെ പൈതൃക പെരുമയുടെ ഭാഗമായി ആഘോഷിക്കുന്നതുമായ ഉത്സവമാണ് ഓണം. പലവിധത്തിലുള്ള ഐതിഹ്യങ്ങളും കഥകളും ഇതുമായി ബന്ധപ്പെട്ട് പിന്നാമ്പുറങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ പോലും ഇതിൽ കൊണ്ടാടപ്പെടുന്ന ആഘോഷങ്ങൾ കേരളത്തിലെ ഹിന്ദു മത വിശ്വാസികൾ സാംശീകരിച്ചെടുത്ത ആചാര രീതികളാണ്. ഒരു മതവിശ്വാസിയും മറ്റൊരു മതത്തിന്റെ പ്രത്യേകമായ ആരാധന കർമങ്ങളിലോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ പങ്കെടുക്കാറില്ല. ഈയൊരു വിഷയത്തിൽ ഏറെ കാർകശ്യം പുലർത്തുന്ന മതമാണ് ഇസ്ലാം. അതുകൊണ്ടുതന്നെ വിശ്വാസത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള ആഘോഷ ചടങ്ങുകളിൽ നിന്ന് വേറിട്ട് നിൽക്കലാണ് ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം അഭികാമ്യം. അപ്പോൾ ഓരോ മതത്തിന്റെയും ആരാധനകളെയും അതുമായി ബന്ധപ്പെട്ട് വരുന്ന ആഘോഷ ചടങ്ങുകളെയും കുറിച്ച് കൃത്യമായി മനസ്സിലാക്കലും അനിവാര്യമാണ്.


വിശ്വാസങ്ങൾക്ക് പിന്നിലെ ഐതിഹ്യങ്ങൾ

ഒരു ആഘോഷത്തിന്റെ ഐതിഹ്യം എന്തുതന്നെയായാലും അതിൽ വിശ്വാസം പുലർത്തുന്നവരാണ് അതിനെ ആഘോഷിക്കുന്നവർ. ഓണത്തെ സംബന്ധിച്ചിടത്തോളം അതിൽ വിശ്വാസം പുലർത്തുന്നവർ ഹിന്ദുക്കളാണ്. അതുകൊണ്ടുതന്നെ ഓണം ഒരു ശുദ്ധ ഹൈന്ദവ ആഘോഷം മാത്രമാണ്. അത്തം തൊട്ട് പത്തുദിനങ്ങളിലായാണ് ഓണം കൊണ്ടാടപ്പെടുന്നത്. ചിങ്ങമാസത്തിലെ ആദ്യത്തെ പത്തുദിനങ്ങളിൽ ഹൈന്ദവർ ഏറെ പ്രധാന്യം കൽപ്പിക്കുന്നത് ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ നാലു ദിവസങ്ങളിലെ ആഘോഷങ്ങൾക്കാണ്. സംഘകാലത്ത് കേരളത്തിൽ മഴ ശമിച്ച് വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണനാളിലായിരുന്നു. പാലിഭാഷയിൽ (മധ്യകാല ഇന്തോ-ആര്യൻ ഭാഷയിൽ നിന്നുത്ഭവിച്ച പഴയ ഭാരതീയ ഭാഷ) ശ്രാവണത്തിന്റെ പര്യായപദമായ 'സാവണം' ലോപിച്ച് ഓണമായെന്നും വ്യാപാരത്തിനെത്തുന്ന കപ്പലുകൾ പൊന്നു നൽകി വിളകൾ വാങ്ങുന്നതുകൊണ്ട് പൊന്നോണമായെന്നതുമാണ് പേരിനു പിന്നിലെ ഐതിഹ്യം.


ഓണത്തിന്റെ ഉത്ഭത്തിനു പിന്നിൽ നിലനിൽക്കുന്ന ഐതിഹ്യങ്ങളിൽ പ്രധാനമായത് കേരളം വാണിരുന്ന മഹാബലി ചക്രവർത്തിയുടെ കഥ തന്നെയാണ്. മഹാവിഷ്ണു ദേവന്മാരുമായി വിഘടിച്ചു നിന്ന കാലത്ത് അസുരഗുരുവായ ശുക്രാചാര്യർ മഹാബലിയെ ദേവന്മാരുമായി യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയും പ്രസ്തുത യുദ്ധത്തിൽ മഹാബലി ദേവന്മാരെ പരാജയപ്പെടുത്തി ദേവലോകത്തിന്റെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തിരുന്നു.

മഹാബലി ഭരിച്ചിരുന്ന സമയത്തെ സമ്പൽസമൃദ്ധിയിലും ഐശ്വര്യത്തിലും അസൂയ പൂണ്ട ദേവന്മാർ മഹാവിഷ്ണുവിനോട് അപേക്ഷിക്കുകയും അത് പ്രകാരം വാമനനെന്ന ബ്രാഹ്മണ ബാലനായി മഹാവിഷ്ണു അവതരിക്കുകയും ചെയ്തു. അതിഥികളുടെ ഇംഗിതത്തിന് വലിയ പ്രാധാന്യം കൽപ്പിക്കുന്ന മഹാബലിയോട് വാമനൻ തപസ്സിനായി മൂന്നടി മണ്ണ് ആവശ്യപ്പെടുകയും അതു നൽകാമെന്ന് മഹാബലി സമ്മതിച്ച സന്ദർഭം വാമനൻ ഭീമാകൃതി പ്രാപിച്ച് രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യത്തെ അളക്കുകയും ചെയ്തു. മൂന്നാമത്തെ ചുവടിനു സ്ഥലമില്ലാതെ വന്നപ്പോൾ ശിരസു കുനിച്ചു കൊടുത്ത മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്തി. എന്നാൽ മഹാബലിയുടെ അഭ്യർത്ഥന അനുസരിച്ച് വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ അനുവാദം നൽകുകയും അങ്ങനെ മഹാബലി കേരളത്തിലെത്തുന്ന വേളയിൽ കേരളീയർ തിരുവോണമായി ആഘോഷിക്കുകയും ചെയ്യുന്നു എന്നതാണ് ഓണത്തിന് പിന്നിലെ പ്രധാന ഐതിഹ്യം (അവലംബം: അവർണപക്ഷ രചനകൾ, ദൂത് 

ബുക്സ്-126, ഓണം ആരുടേത്?- കെ.മുകുന്ദൻ പെരുവട്ടൂർ). ഹൈന്ദവ വിശ്വാസത്തിന്റെ പ്രധാന ഗ്രന്ഥങ്ങളായ വേദങ്ങളിലൊന്നും ഈയൊരു പരാമർശം കാണാൻ സാധിക്കില്ല. എന്നാൽ പിൽക്കാലത്ത് രചിക്കപ്പെട്ട മഹാഭാരതത്തിലെ ശാന്തിപർവ്വത്തിലും വനപർവ്വത്തിലും രാമായണത്തിലെ ബാലകാണ്ഡത്തിലെ 21-ാം സർഗത്തിലും ഭാഗവതത്തിന്റെ ഭാഗമായ സ്കന്ദപുരാണത്തിലുമെല്ലാം വാമന-മഹാബലി കഥ പ്രതിപാദ്യ വിഷയമാണ്. എന്നാൽ ഇന്ന് കാണുന്ന ഓണാഘോഷങ്ങളുടെ പ്രാക് രൂപം എവിടെയും പ്രതിപാദിച്ചിട്ടില്ല.


പരശുരാമനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നതാണ് രണ്ടാമത്തെ ഐതിഹ്യം. കേരളത്തിന്റെ സൃഷ്ടാവായി പറയപ്പെടുന്ന പരശുരാമൻ ആ ഭൂമിയെ ബ്രാഹ്മണർക്ക് വീതിച്ചു നൽകുകയും ആപൽഘട്ടങ്ങളിൽ തന്നെ സ്മരിച്ചാൽ താൻ പ്രത്യക്ഷമാകുമെന്ന് അവർക്ക് വാക്കു കൊടുക്കുകയും ചെയ്തു. എന്നാൽ ഇതിനെ ദുരുപയോഗം ചെയ്ത ചില ബ്രാഹ്മണരുടെ പ്രവർത്തനത്തിൽ ക്ഷുഭിതനായ പരശുരാമൻ ഇനി അവർക്കു മുമ്പിൽ പ്രത്യക്ഷപ്പെടില്ലെന്ന് ശപഥം ചെയ്തു. പിന്നീട് ബ്രാഹ്മണ പ്രമുഖർ കേണപേക്ഷിച്ച പ്രകാരം ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആണ്ടിലൊരിക്കൽ പ്രത്യക്ഷപ്പെടാം എന്ന് വാക്കു നൽകി എന്നതാണ് കഥ. ഹൈന്ദവരുടെ ഇത്തരം വിശ്വാസചരിതങ്ങളുടെ ഭാഗമായി വരുന്ന ഓണാഘോഷം ശുദ്ധ ഹൈന്ദവ മതാഘോഷമെന്നത് നിസ്സംശയം വ്യക്തമാണ്.


ഐതിഹ്യങ്ങൾക്ക് പുറമേ മറ്റു ചില കാഴ്ചപ്പാടുകൾ കൂടി ഓണത്തിന് പിന്നിൽ നിലനിൽക്കുന്നുണ്ട്. ബുദ്ധമതതത്വ പ്രചാരകാരായ ശ്രമണരിൽ ശ്രമണ പദ പ്രാപ്തരായവർക്ക് ഗൗതമ ബുദ്ധൻ പീതാംബരം നൽകുന്ന ഒരു ചടങ്ങുണ്ടായിരുന്നു. ഇതുപ്രകാരമാണ് ഓണക്കോടി ഓണത്തിന്റെ ഭാഗമായി വന്നെതെന്നാണ് വിശ്വാസം. ശൈവ മതത്തെ പിന്തള്ളി വൈഷ്ണവർ ആധിപത്യം സ്ഥാപിച്ചതിന്റെ ആഘോഷമാണെന്നാണ് മറ്റൊരു ഐതിഹ്യം. പെരുമാൾ രാജവംശത്തിലെ രാജാവായ ചേരമാൻ പെരുമാൾ ഇസ്ലാം മതം ആശ്ലേഷിക്കാൻ വേണ്ടി മക്കയിലേക്ക് യാത്രയായത് തിരുവോണനാളിലാണെന്നും അതിന്റെ ഓർമ്മക്കായാണ് തിരുവോണം നിലനിൽക്കുന്നതെന്നുമാണ് മലബാർ മാന്വലിന്റെ ഗ്രന്ഥ കർത്താവായ വില്യം ലോഗൻ അഭിപ്രായപ്പെടുന്നത്. ക്രി.വ.നാലാം നൂറ്റാണ്ടിൽ കേരള രാജ്യം വാഴ്ന്ന മന്ന രാജാവാണ് ഓണാഘോഷം കൊണ്ടുവന്നതെന്ന് അലഹബാദ് ലിഖിതങ്ങളിൽ പരാമർശിക്കുന്നുണ്ട്. അന്ന് തൃക്കാക്കരയായിരുന്നു തലസ്ഥാനം. അതിൽ പരാമർശിക്കുന്ന മന്ന രാജാവ്, സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച സന്ദർഭത്തിൽ പ്രതിരോധം തീർക്കുകയും അദ്ദേഹത്തിന്റെ സാമർത്ഥ്യത്തിൽ ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധി ആവശ്യപ്പെടുകയും അതിലൂടെ വിജയം  കൈവരിച്ച കേരള രാജാവ് ആഘോഷങ്ങൾക്ക് വിളംബരം അറിയിക്കുകയും ചെയ്തുവെന്നതാണ് ചരിത്രം. ഈ രാജാവ് മഹാബലിയുടെ അവതാരമാണെന്നും ചില അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഐതിഹ്യങ്ങൾ പലവിധമാണെങ്കിലും എല്ലാം ഉൾക്കൊള്ളുന്ന വിശ്വാസം ഒന്നുതന്നെയാണ്. 


ആഘോഷങ്ങളിലെ മുസ്ലിം ഇടം

ഐതിഹ്യങ്ങളുടെ ചരിത്രപശ്ചാത്തലമായിട്ടല്ല ഇന്ന് പലപ്പോഴും ഓണാഘോഷം നടന്നു വരുന്നത്. പല ആചാരങ്ങളുടെയും അനുഷ്ഠാന രീതികളുടെയും പിന്നാമ്പുറങ്ങൾ ഹൈന്ദവവിശ്വാസങ്ങളിൽ അധിഷ്ഠിതമായി നിലനിൽക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. മറ്റൊരു വിശ്വാസ ധാരയിൽ മുന്നോട്ടുപോകുന്ന ഏതൊരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത്തരം വിശ്വാസ രീതികളോട് താദാത്മ്യപ്പെടൽ തീർത്തും ജുഗുപ്സാവഹമാണ്.


എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയാണ് വാമന ദേവൻ. വിഷ്ണുവിന്റെ അഥവാ വാമനന്റെ പാദ മുദ്ര പതിഞ്ഞ സ്ഥലമാണ് തൃക്കാക്കര എന്നാണ് വിശ്വാസം. തൃക്കാക്കരയപ്പൻ അഥവാ ഓണത്തപ്പൻ എന്ന ആരാധന മൂർത്തി ഓണം ഒരു ഹൈന്ദവ ആഘോഷമാണെന്ന് വ്യക്തമായി പ്രതിപാദിക്കുന്ന ദേവസങ്കൽപ്പമാണ്. കേരളത്തിൽ ഹിന്ദുമത വിശ്വാസികൾ മുഖ്യമായും കൊണ്ടാടുന്ന ഓണാഘോഷത്തിന്റെ ഭാഗമായ ഓണപ്പൂക്കളത്തിൽ തൃക്കാക്കരയപ്പന്റെ രൂപം പ്രതിഷ്ഠിച്ച് പൂജ ചെയ്യുന്ന പതിവ് പല തറവാട് വീടുകളിലും നിലനിൽക്കുന്നുണ്ട്. മഹാവിഷ്ണുവിന്റെ പ്രതീകമായി സങ്കൽപ്പിക്കുന്ന തൃക്കാക്കരയപ്പന്റെ മണ്ണുകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയ ചെറിയ ശില്പങ്ങളിൽ തുളസിയും പൂവും വെള്ളവും മറ്റും നെയ്തിച്ച് പൂജയ്ക്കായി ഉപയോഗിക്കാറുണ്ട്. അപ്പോൾ ഓണാഘോഷത്തിലെ പൂക്കളം എന്ന ചടങ്ങ് ഹൈന്ദവ ദർശനങ്ങളിൽ വേരൂന്നി കിടക്കുന്നതാണെന്ന് ഇതിലൂടെ വ്യക്തമാണ്.


തിരുവനന്തപുരം ജില്ലയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ നടത്തുന്ന ഒരു ചടങ്ങാണ് ദേവന് സമർപ്പിക്കുന്ന വില്ല്. വാമനാവതാരത്തിന്റെ അനുസ്മരണാർത്ഥമാണ് ഈ ചടങ്ങ് നടത്തുന്നത്. ഓണവില്ല് സമർപ്പണത്തിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന തിരുവനന്തപുരം കരമന മേലാറന്നൂർ വിളയിൽ കുടുംബാംഗങ്ങൾക്കാണ് ഓണവില്ല് ചാർത്തിയാൽ ഉടൻ പത്മനാഭനെ സന്ദർശിക്കാൻ അവകാശം ഉള്ളത്. ഹൈന്ദവ വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ട് മാത്രമാണ് ഈ ഒരു കർമം നിലനിൽക്കുന്നത്. ഇത്തരത്തിൽ ചടങ്ങുകൾ എല്ലാം ഒരു മതവിശ്വാസവുമായി ബന്ധപ്പെട്ട് രൂപം കൊണ്ടതായിരിക്കെ ഓണം എങ്ങനെയാണ് കേരളത്തിന്റെ ദേശീയ ഉത്സവമായി മാറുന്നത്?


മറ്റൊരു മതത്തിന്റെ ആഘോഷ ആചാരങ്ങളിൽ ഏകദൈവ വിശ്വാസിയായ മുസ്ലിമിന്റെ ഇടം തികച്ചും സൂക്ഷ്മത പാലിക്കേണ്ട ഒന്നാണ്. "ആരെങ്കിലും ഒരു സമൂഹത്തോട് സാദൃശ്യപ്പെട്ടാൽ അവൻ ആ സമൂഹത്തിന്റെ ഭാഗമായി തീർന്നു" എന്ന പ്രവാചക വചനങ്ങൾ ഈയൊരു കാര്യത്തോട് ബന്ധപ്പെടുത്തി വായിക്കേണ്ടതാണ്. പ്രവാചക ജീവിതത്തിൽ നിന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട ഉദാഹരണങ്ങൾ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. നബി(സ) മദീനയിലേക്ക് ഹിജ്റ വന്ന വേളയില്‍ നൈറൂസ്, മഹര്‍ജാന്‍ എന്നീ രണ്ട് ആഘോഷ ദിനങ്ങൾ അവിടെ ഉണ്ടായിരുന്നു. ഈ രണ്ട് ആഘോഷങ്ങളും പേര്‍ഷ്യക്കാരുടേതായിരുന്നു. പേര്‍ഷ്യന്‍ സംസ്കാരത്തിലെ ആഘോഷ ദിനം അറബികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതാണ് ഇവ. ഈ ദിനങ്ങളെപ്പറ്റിയും അതിലവരുടെ ആഘോഷ രീതിയെക്കുറിച്ചും നബി(സ) തങ്ങള്‍ ചോദിച്ചറിഞ്ഞു. വിനോദങ്ങളായിട്ടായിരുന്നു ജാഹിലിയ്യ യുഗത്തില്‍ ഞങ്ങള്‍ ഇവയെ നടത്തിയിരുന്നതെന്ന് മദീനാ വാസികള്‍ പറഞ്ഞപ്പോള്‍ തിരുനബി(സ) മറുപടി നൽകിയത് അല്ലാഹു നിങ്ങള്‍ക്ക് അവരേക്കാള്‍ മഹത്തരമായ രണ്ട് സുദിനങ്ങള്‍ കൊണ്ട് അനുഗ്രഹം ചെയ്തു എന്നാണ്. അവ വലിയ പെരുന്നാളും ചെറിയ പെരുന്നാളുമാണ്” (അബൂദാവൂദ്,മിര്‍ഖാത്ത് 2/253). പേര്‍ഷ്യക്കാരുടെ ആഘോഷ ദിനമായ നൈറൂസ് സൂര്യ വര്‍ഷത്തിലെ ആദ്യ ദിനമായിരുന്നു. പുതുവർഷ ആഘോഷമായി അവര്‍ അതിനെ കൊണ്ടാടി. പേര്‍ഷ്യയിലെ അക്രമിയായ മഹര്‍ എന്ന പേരിലുള്ള രാജാവ് മരണപ്പെട്ടപ്പോള്‍ അതില്‍ സന്തോഷിച്ച ജനത രാജാവിന്‍റെ ചരമ ദിനം ആഘോഷ ദിനമായി തെരഞ്ഞെടുത്തു. അതാണ് മഹര്‍ജാന്‍ ആഘോഷം (മജല്ലത്തുൽ ജാമിഅത്തിൽ ഇസ്ലാമിയ്യ-പേജ്:103-104). ഇതര മതവിശ്വാസങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉന്നയിക്കപ്പെടുന്ന ചോദ്യത്തിന് ഉത്തരമായി ഇബ്നു ഹജറുൽ ഹൈതമി(റ) തന്റെ ഫതാവൽ കുബ്രയിൽ നൽകുന്ന മറുപടി ഇപ്രകാരമാണ്;


فالحاصل أنه إن فعل ذلك بقصد التشبه بهم في شعار الكفر كفر قطعا أو في  شعار العبد مع قطع النظرعن الكفر لم يكفر ولكنه يأثم وإن لم يقصد التشبه بهم أصلا ورأسا فلا شيء عليه

(الفتاوى الكبرى الفقهية لابن حجر الهيتمي-المجلد الرابع/239) 


 'മറ്റൊരു മതത്തിന്റെ അനുഷ്ഠാനങ്ങളോട് താദാത്മ്യപ്പെടുക എന്ന ലക്ഷ്യവുമായാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നതെങ്കിൽ അത് നിരുപാധികം ബഹുദൈവാരാധനയാണ്. ഇനി യാതൊരു തരത്തിലും അവരുമായി താദാത്മ്യപ്പെടലോ അനുധാവനം ഇല്ലെങ്കിൽ മാത്രം പങ്കുചേരുന്നതിൽ പ്രശ്നവുമില്ല'. മറ്റൊരു മതത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായി വരുന്ന കാര്യങ്ങളിൽ പങ്കുചേരൽ വിരുദ്ധമാണെന്നും അത്തരം പ്രവർത്തനങ്ങൾ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും തുടർന്ന് നമുക്ക് വായിച്ചെടുക്കാൻ സാധിക്കും.


വരേണ്യ വിഭാഗം അനുധാവനം ചെയ്യുന്ന വാമന ജയന്തിയോ കീഴാള വിഭാഗം അനുധാവനം ചെയ്യുന്ന മഹാബലിയുടെ തിരിച്ചുവരവോ, ഐതിഹ്യങ്ങൾ ഏതു തന്നെയായാലും ഏകദൈവ വിശ്വാസത്തിന് വിഘ്നം സൃഷ്ടിക്കുന്ന, മതത്തിന്റെ സാംസ്കാരികമായ സ്വത്വത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ആചാര രീതികളിൽ പങ്കുചേരൽ ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം തീർത്തും വർജിക്കേണ്ട ഒന്നാണ്. സ്വന്തം മതാനുഷ്ഠാനങ്ങളും ആചാരങ്ങളും കൃത്യമായി അനുവർത്തിച്ചു പോരുന്നതിനേക്കാൾ ഉപരിയായി അവയ്ക്ക് നേർവിപരീതമായ തരത്തിലുള്ള കാര്യങ്ങളെ കൂട്ടുപിടിക്കൽ വിശ്വാസത്തെ പൊളിച്ച് കളയുന്ന പ്രവർത്തനമാണ്. മതനിരപേക്ഷ മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ഇന്ത്യയിൽ അതൊരിക്കലും മറ്റൊരു മതത്തിന്റെ അന്തസത്തയെ വ്രണപ്പെടുത്തലോ തേജോവധം ചെയ്യലോ ആയിമാറുന്നില്ല. ചെറിയപെരുന്നാളും വലിയ പെരുന്നാളും മുസ്ലിം ആഘോഷങ്ങളും ക്രിസ്തുമസും ഈസ്റ്ററും ക്രിസ്തുമതാഘോഷങ്ങളും ആയി നിലനിൽക്കുന്ന പോലെ ശിവരാത്രിയും വിഷുവും ഓണവുമെല്ലാം ഹിന്ദുമതാഘോഷങ്ങളായി പരിചയപ്പെടുത്തുന്നതിൽ എന്ത് അസാംഗത്യമാണ് നിലനിൽക്കുന്നത്? നിശിദ്ധമാവാത്ത പൊതുവായ ആഘോഷ രീതികളിൽ പങ്കെടുക്കുക എന്നതിനപ്പുറം അനിവാര്യമല്ലാത്ത ഘട്ടങ്ങളിൽ അവയ്ക്ക് ചുക്കാൻ പിടിക്കുന്നതിലും, ആനന്ദ തിമിർപ്പിൽ അഭിരമിച്ച് സ്വത്വത്തെ മറക്കുന്നതിലും നിർവൃതി കണ്ടെത്തുന്ന ഇന്നത്തെ വിശ്വാസ സമൂഹം നാം ആരാണെന്നും ആരാവണമെന്നും ഒരിക്കൽ കൂടി ആത്മവിചിന്തനം നടത്തൽ അനിവാര്യമാണ്. ഇവ്വിധം ഹൈന്ദവ വിശ്വാസത്തോട് യോജിച്ചു വരുന്ന ആഘോഷ രീതികൾ അനുധാവനം ചെയ്യുന്നതിലൂടെ അത് നമ്മുടെ സമൂഹത്തിൽ രൂഢമൂലമായി തീരുകയും സ്വന്തം മതാദർശത്തെ നിശ്കാസനം ചെയ്യുന്ന പ്രക്രിയയായി അത് മാറുകയും ചെയ്യും. ബഹുസ്വര സമൂഹത്തിന്റെ സൗന്ദര്യത്തെ നിലനിർത്തുന്നതോടൊപ്പം ഇസ്ലാമിക സംസ്കാരത്തിന്റെ വ്യക്തിത്വം കാത്തുസൂക്ഷിച്ച് മമ്പുറം തങ്ങളെപ്പോലെയുള്ള മുൻഗാമികളുടെ പാരമ്പര്യത്തിലൂടെ തുടർന്നു പോകലാണ് മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉചിതം.


 ഫായിസ് അബ്ദുല്ല എടവണ്ണപ്പാറ

COMMENTS

Name

articles,150,contemporary,84,feature,11,history,9,Interview,4,Islamic,47,katha,1,News,2,poem,4,Politics,36,profile,38,Publications,4,Review,38,story,1,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഓണം;വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഒരു അപഗ്രഥന പഠനം
ഓണം;വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഒരു അപഗ്രഥന പഠനം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjET63H-1ytbPFxkN5GH_e2RbqXoAHRBUSmc1waXe6rwcqhcmp10X6Vsg9WCf3bKhNuuNyh_xm3G5uMT4mguzRGz4b1VQBbf4p641zo6cmYa7LC0p0KpHm7Bt061Hu1WzkbnJTqTGE27ryaedo-iJzuJr8beFUD-i-Lp9cXZkEM1ynh9ZJS9EKGeaQy03w/w640-h640/onam.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjET63H-1ytbPFxkN5GH_e2RbqXoAHRBUSmc1waXe6rwcqhcmp10X6Vsg9WCf3bKhNuuNyh_xm3G5uMT4mguzRGz4b1VQBbf4p641zo6cmYa7LC0p0KpHm7Bt061Hu1WzkbnJTqTGE27ryaedo-iJzuJr8beFUD-i-Lp9cXZkEM1ynh9ZJS9EKGeaQy03w/s72-w640-c-h640/onam.jpg
Al Ihsan Online Magazine
http://www.alihsanonweb.com/2023/08/onam%20believes%20and%20myths.html
http://www.alihsanonweb.com/
http://www.alihsanonweb.com/
http://www.alihsanonweb.com/2023/08/onam%20believes%20and%20myths.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content