ദീവാൻ സാഹിത്യപ്രസ്ഥാനം : അറബ് കവിതകൾ ലോക സാഹിത്യത്തെ പകർത്തിയ വിധം

SHARE:

 


               ആധുനിക കവിതാസാഹിത്യത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോട് കൂടി പ്രമുഖ അറബ് കവികളുടെ നേത‍‍‍ൃത്വത്തിൽ നിരവധി സാഹിത്യ പ്രസ്ഥാനങ്ങൾ ഉടലെടുത്തു. ക്ലാസിക്കൽ സാഹിത്യപ്രസ്ഥാനം, റൊമാന്റിക് സാഹിത്യപ്രസ്ഥാനം, സ്വതന്ത്ര കവിതാസാഹിത്യപ്രസ്ഥാനം എന്നിങ്ങനെ ആ പട്ടിക നീളുന്നു. അതിൽ പെട്ട ഒരു പ്രധാന സാഹിത്യപ്രസ്ഥാനമാണ് ദീവാൻ സാഹിത്യപ്രസ്ഥാനം. മറ്റു സാഹിത്യപ്രസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി പ്രധാനമായും കവിതയെ അടിസ്ഥാനമാക്കിയാണ് ഈ സാഹിത്യപ്രസ്ഥാനം നിലകൊള്ളുന്നത്. അഹ്മദ് സാമി ബാറൂദി, അഹ്മദ് ശൗഖി, ഹാഫിള് ഇബ്റാഹിം, ഖലീൽ മുത്വ്‌റാൻ എന്നിവർ സാഹിത്യപ്രസ്ഥാനങ്ങൾ ആരംഭിച്ചതിന് ശേഷമാണ് അറബ് കവിതകളിൽ രചനാശെെലികളിലും സമീപനരീതികളിലും നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നല്കിയ ഈ സാഹിത്യപ്രസ്ഥാനം രൂപപ്പെടുന്നത്. അബ്ബാസ് മഹ്മൂദ് അഖ്ഖാദ്, ഇബ്റാഹിം അബ്ദുൽ ഖാദർ മാസിനി, അബ്ദുറഹ്മാൻ ശുക്രി എന്നിവരാണ് 1921ൽ ഈ സാഹിത്യപ്രസ്ഥാനത്തിന് രൂപം നൽകിയത്. 1909ൽ അഖ്ഖാദും മാസിനിയും ചേർന്ന് ഈ സാഹിത്യപ്രസ്ഥാനത്തിന്റെ തത്വങ്ങൾ വിശദീകരിക്കാൻ അദ്ദീവാൻ ഫിൽ അദബി വന്നഖ്ദ് (الديوان في الأدب والنقد) എന്ന പുസ്കം രചിച്ചതിനാലാണ് ഈ സാഹിത്യപ്രസ്ഥാനത്തിന് ഇങ്ങനെ പേര് നൽകപ്പെട്ടത്. രണ്ട് വാള്യങ്ങളിലായി ഇറങ്ങിയ പുസ്തകത്തിലൂടെ ആധുനിക കവിതകളിൽ ഉണ്ടാവേണ്ട പ്രത്യേകതകൾ വിശദമാക്കുകയും പ്രമുഖ അറബ് കവികളായ ഹാഫിള് ഇബ്റാഹിം, അഹ്മദ് ശൗഖി, മുസ്തഫ ലുത്വുഫി മൻഫലൂത്വി, അബ്ദുറഹ്മാൻ ശുക്രി എന്നിവരുടെ ശെെലികൾ നിരൂപിക്കുകയും ചെയ്തു.


 ഉത്ഭവം

                കൊളോണിയലിസം അറബ് രാജ്യങ്ങളെ സാമ്പത്തികപരമായും ധെെഷണികപരമായും മുരടിപ്പിച്ചു. വിദ്യാഭ്യാസ മേഖല താറുമാറായതിനാൽ യുവാക്കൾക്ക് തങ്ങളുടെ കഴിവുകളും വ്യക്തിത്വവും വികസിപ്പിക്കാനോ രാഷ്ട്രനിർമാണത്തിൽ പങ്കാളികളാവാനോ സാധിച്ചില്ല. തങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും തകർന്നടിയുന്നത് നോക്കിനിൽക്കാനേ അവർക്ക് സാധിച്ചുള്ളൂ. ഇത് അവരെ യഥാർത്ഥ ലോകത്ത് നിന്ന് സ്വപ്ന ലോകത്തേക്ക് നയിച്ചു. സാഹിത്യത്തിൽ ഇത് വലിയ തോതിൽ പ്രതിഫലിക്കുകയും നിരവധി സാഹിത്യപ്രസ്ഥാനങ്ങൾ രൂപം കൊള്ളുകയും ചെയ്തു. ദീവാൻ സാഹിത്യപ്രസ്ഥാനം ഇങ്ങനെയാണ് രൂപം കൊള്ളുന്നത്. പ്രകൃതിവർണ്ണനകളും കവിയുടെ തന്നെ വികാരങ്ങളും പ്രമേയങ്ങളായി രൂപാന്തരപ്പെട്ടു. അറബ് സംസ്കാരത്തിൽ അഭിമാനം കൊണ്ട ഇവരെ ഒരേ സമയം ഇംഗ്ലണ്ടിലെ റൊമാന്റിസിസവും അതേസമയം കൊളോണിയലിസവും വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. ഈ ത്രിമൂർത്തികൾ തങ്ങളുടെ മാതൃകാപുരുഷനായി കണ്ടത് ഖലീൽ മുത്വ്‌റാനെയാണ്



പ്രത്യേകതകൾ

                    ഒരേ സമയം സ്നേഹം, ദുഃഖം പോലെയുള്ള വികാരങ്ങളും പ്രകൃതിവർണ്ണനകളും ധാർമ്മികമൂല്യങ്ങളും അതേ സമയം ആത്മാഭിമാനവും പോരാട്ട വീര്യവും ചിന്തകളും ആലോചനകളും കവിതകളിൽ വിഷയീഭവിച്ചു. കവി തന്റെ ആകുലതകളും വ്യാകുലതകളും പങ്ക് വെക്കാൻ തുടങ്ങിയതാണ് ഈ സാഹിത്യപ്രസ്ഥാനം കൊണ്ടുവന്ന പ്രധാനമാറ്റം. കവിതകളിൽ ഭാവനയും വികാരങ്ങളും ഉൾച്ചേർക്കുന്നതിൽ അബ്ദുൽ ഖാദർ മാസിനിയുടെ കഴിവ് എടുത്തു പറയേണ്ടതാണ്. അഖ്ഖാദും മാസിനിയും ശുക്രിയും ചേർന്ന് ഒരേ സമയം ക്ലാസിക്കൽ കവിതകൾക്കെതിരെ പോരാടുകയും അതേസമയം സമകാലീനരായ അറബ് കവികളെ ശക്തിയായി നിരൂപിക്കുകയും ചെയ്തു. കവിതകളിലെ എല്ലാ വെെവിധ്യങ്ങളിലും അഖാദ് തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ടെങ്കിലും വർണ്ണനാകാവ്യങ്ങളുടെ അപ്പോസ്തലനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സ്വാനുഭവങ്ങളിലൂടെയും മറ്റും തന്നിൽ അന്തർലീനമായ സ്നേഹം പ്രകടിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ കവിതകളിലെ ഇതിവൃത്തം. അഖാദ് ദീവാനിൽ പറയുന്നത് കാണുക “ഈയൊരു ക‍ൃതിയിലൂടെ പരസ്പരം കൂടിക്കലർന്ന രണ്ട് കാലഘട്ടങ്ങൾക്കിടയിൽ കൃത്യമായ പരിധി നിശ്ചയിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇതിനായി ഉപയോഗിച്ച മാർഗം മാനുഷികവും മിസ്റ്-അറബ് ദ്വന്ദ്വങ്ങളെ സ്വാംശീകരിക്കുന്നതുമാണ്.” ഭാവനാലോകത്തിന് വലിയ പ്രാധാന്യം നൽകുന്ന ദീവാൻ സാഹിത്യപ്രസ്ഥാനത്തിൽ കവിതയിലെ ഓരോ വരിക്കും അതിന്റേതായ ധർമ്മമുണ്ട് , ആ വിഷയങ്ങൾക്കെല്ലാം ഒരു ഒരുമയുമുണ്ട്. കവിതകളിൽ ചിന്താപരമായ കാര്യങ്ങൾക്ക് മുൻതൂക്കം നൽകുകയും പ്രകൃതിയെയും ഉണ്മയെയും വരികളിൽ ആവിഷ്കരിക്കാനും ഇത്തരം കവിതകൾക്ക് കഴിഞ്ഞു. അവ വ്യാജമായ വർണ്ണനകളെ നിരുത്സാഹപ്പെടുത്തുകയും യഥാർത്ഥ വിവരണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വേദനയും നിരാശയും സങ്കടവും കവിതകളിൽ പ്രകടമാവാൻ തുടങ്ങി. അവ പഴമയിൽ കടിച്ചു തൂങ്ങാതെ പുതിയ കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ചു.


ലക്ഷ്യങ്ങൾ, അടിസ്ഥാനങ്ങൾ


-കവിതകളിലെ പ്രമേയങ്ങളിലും ഇതര ഘടകങ്ങളിലുമുള്ള പുതുമ

- പാശ്ചാത്യ സാഹിത്യത്തിന്റെ അനുകരണം

- പഴയ കാലഘട്ടങ്ങളിലെ അറബ് കവിതയുടെ പുനരാവിഷ്കരണം 

- മനഃശാസ്ത്രവും സാഹിത്യവുമായുള്ള ബന്ധം 

- കവിതകളിലൂടെയുള്ള മനസ്സിന്റെ വികാരപ്രകടനം

- അനുഭവത്തിന്റെ വെളിച്ചത്തിലുള്ള രചന

- ഭാവനാത്മകമായ വിവരണം                                    

- ഇംഗ്ലീഷ് സാഹിത്യവും അറബ് സാഹിത്യവും തമ്മിലുള്ള സങ്കലനം


പുസ്തകങ്ങൾ

                    യഥാർത്ഥത്തിൽ അബ്ദുറഹ്മാൻ ശുക്രിയാണ് ഈ സാഹിത്യ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. മാസിനിയും അഖാദും പിന്നീടാണ് വരുന്നത്. പാരമ്പര്യ കവിതാശെെലിയും പ്രതിപാദ്യ വിഷയങ്ങളിലെ തെരഞ്ഞെടുപ്പും മാറ്റിത്തിരുത്തിയ ഇവർക്ക് ശൗഖിയെയും മൻഫലൂത്വിയെയും സ്വാധീനിക്കാൻ കഴിഞ്ഞു. ഇവർ പാശ്ചാത്യ വിദ്യാഭാസം നേടിയവരും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരുമായിരുന്നു. ശുഅറാഉ മിസ്റ് വൽ ബീആതുല്ലതീ ആശൂ ഫീഹാ ഫിൽ ജെെലിൽ മാളി ( شعراء مصر وبيئاتهم التي عاشو فيها في الجيل الماضي) എന്ന തന്റെ പുസ്തകത്തിലൂടെ അഖാദ് പറയുന്നു - "ദീവാൻ സാഹിത്യപ്രസ്ഥാനത്തിന്റെ സംസ്കാരം ലോകത്തുള്ള സകല സംസ്കാരങ്ങളെയും ഉൾക്കൊള്ളുന്നു, ഇംഗ്ലീഷ് സാഹിത്യം വിശേഷിച്ചും". അതേസമയം, ഖലീൽ മുത്വ്‌റാന്റെ രചനകൾ ഫ്രഞ്ച് സാഹിത്യത്തിൽ ഒതുങ്ങി നിന്നു. വിഷയകേന്ദ്രീകൃതമായ കവിതകളാണ് അദ്ദേഹത്തിന്റെ ശെെലിയെങ്കിൽ ദീവാൻ സാഹിത്യപ്രസ്ഥാനം ആത്മപരവും സംഗീതപരവും ചിന്താപരവുമായ തലങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. അഹ്മദ് ശൗഖിയും ഹാഫിള് ഇബ്റാഹീമും ദീവാൻ സാഹിത്യപ്രസ്ഥാനത്തിന്റെ തത്വങ്ങളിൽ ആക‍ൃഷ്ടരായിരുന്നുവെന്നും അഖാദ് വാദിക്കുന്നു. അഖാദ് തുടരുന്നു- “ സാഹിത്യത്തിന് പൗരാണിക കാലവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. പൗരസ്ത്യ പാരമ്പര്യം പാശ്ചാത്യ ലോകത്തിന്റെ സ്വാധീനത്തിൽ നമുക്ക് കൈമോശം വന്നിരിക്കുന്നു. യാന്ത്രികമായ ചങ്ങലക്കെട്ടുകൾ വലിച്ചെറിഞ്ഞു നമുക്ക് സ്വതന്ത്രവാരാവേണ്ടതുണ്ട്.”


താരതമ്യം

                അൽബഅ്സ് വൽ ഇഹ്യാഅ് സാഹിത്യപ്രസ്ഥാന പ്രകാരം ( مدرسة البعث والاحياء) കവിത വിഷയകേന്ദ്രീകൃതമല്ല. വർണ്ണന, പ്രശംസ, അറിവ് തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ ഉൾച്ചേർന്നുണ്ടാകുന്നതാണ് കവിത. അത് കൊണ്ട് തന്നെ വ്യത്യസ്ത സന്ദർഭങ്ങളിൽ ഒരേ കവിതയിലെ തന്നെ വ്യത്യസ്ത വരികൾ ഉദ്ധരിക്കാനാകുന്നു. അതേ സമയം ദീവാൻ സാഹിത്യപ്രസ്ഥാനത്തിലെ കവിതകൾ ഒരൊറ്റ ആശയത്തെയും പ്രമേയത്തെയും ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. രൂപത്തിലും ഭാവത്തിലും ഘടനയിലും ഭാഷയിലും പഴയ ശെെലികളോട് എതിരാവുന്നതാണ് ഇതിന്റെ രീതി. ഇഹ്യാഇൽ പഴമയുടെ നിഴലിൽ പഴമയിൽ ജീവിക്കുമ്പോൾ ദീവാൻ സാഹിത്യപ്രസ്ഥാനം മുന്നോട്ട് നോക്കാൻ പ്രേരിപ്പിക്കുന്നു. സമകാലിക ലോകത്തിന്റെ വേദനകളും കവിയുടെ ഭാവനകളും വികാരങ്ങളുമാണ് അതിൽ വിഷയീഭവിക്കുന്നത്. ഖലീൽ മുത്വ്‌റാനും ദീവാൻ സാഹിത്യപ്രസ്ഥാനവും ചില വിഷയങ്ങളിൽ യോജിക്കുകയും ചില വിഷയങ്ങളിൽ വിയോജിക്കുകയും ചെയ്യുന്നു. മനുഷ്യനെ കേന്ദ്രീകരിക്കുക, ഭാവനയ്ക്ക് പ്രാധാന്യം നൽകുക, വിഷയകേന്ദ്രീകൃതമാവുക എന്നീ കാര്യങ്ങളിൽ ദീവാൻ സാഹിത്യ പ്രസ്ഥാനം ഖലീൽ മുത്വ്‌റാനോട് യോജിക്കുന്നു. മുത്വ്‌റാനെ ഫ്രഞ്ച് റൊമാന്റിസിസമാണ് സ്വാധീനിച്ചതെങ്കിൽ ദീവാൻ സംഘത്തെ ഇംഗ്ലീഷ് റൊമാന്റിസിസമാണ് സ്വാധീനിച്ചത്. മുത്വ്‌റാന്റെ കവിതകളിൽ കേന്ദ്രബിന്ദു വികാരമാണെങ്കിൽ ദീവാനിൽ വെെകാരിതയേക്കാൾ ധിഷണതക്കാണ് പ്രാധാന്യം. മുത്വ്‌റാൻ ഭാഷയെ വിചിത്രമല്ലാത്ത ജീവസ്സുറ്റ ഒന്നിലേക്ക് ചുരുക്കി കെട്ടുമ്പോൾ ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ സമകാലിക ലോകത്തോട് സംവദിക്കുന്നതാകണം ഭാഷയെന്ന് ദീവാൻ സാഹിത്യ പ്രസ്ഥാനം ഉദ്ഘോഷിക്കുന്നു, ഇഹയാഇൽ ചിന്തക്കും ആശയത്തിനും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും വിശദീകരിക്കാൻ വേണ്ടി പഴയ ഉദാഹരണങ്ങൾ വലിച്ചിഴക്കുകയാണെന്നും ദീവാൻ സാഹിത്യകാരന്മാർ ആരോപിച്ചു. ആഘോഷങ്ങൾക്കും പരിപാടികൾക്കും ഇഹ്യാഇൽ അമിത പ്രാധാന്യം നൽകിയത് ദീവാൻ സാഹിത്യകാരന്മാരെ ചൊടിപ്പിച്ചു. അതേ സമയം മനുഷ്യനെ കേന്ദ്രീകരിച്ച് ഇഹ്യാഇൽ കൂടുതലായി എഴുതപ്പെട്ടിട്ടില്ല. വർണ്ണനകളിലെ അതിപ്രസരവും വിഷയങ്ങളിലെ കൃത്യതയില്ലായ്മയും വിമർശിക്കപ്പെട്ടു.


പ്രതിസന്ധി

                    പഴയ കവിതകളിലെ വ്യതിരിക്തതകൾ ഉപയോഗപ്പെടുത്തി പുതിയ രീതിയിൽ കവിതയെഴുതിയിരുന്ന ഈ ത്രിമൂർത്തികൾക്ക് വലിയ തോതിൽ ജനങ്ങളെ ആകർഷിക്കാനായി. ഇതിന് മുമ്പ് ഖലീൽ മുത്വ്‌റാൻ മാത്രമേ ഇങ്ങനെയൊരു രീതി സ്വീകരിച്ചിട്ടുള്ളൂ. 1915-ഓട് കൂടി അഹ്മദ് ശൗഖിയും ഹാഫിള് ഇബ്റാഹീമുമടങ്ങുന്ന സാഹിത്യപ്രസ്ഥാനവും ദീവാൻസാഹിത്യപ്രസ്ഥാനവും തമ്മിൽ ആശയസംഘർഷമാരംഭിച്ചു. മാസിനിയും അഖാദും ചേർന്ന് രചിച്ച ഹാഫിള് ഇബ്റാഹീമിന്റെ കവിതാനിരൂപണമായ ശിഅ്റു ഹാഫിള് (شعر حافظ) എന്ന പുസ്തകത്തിൽ ചില പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ശുക്രി ഈ സാഹിത്യപ്രസ്ഥാനത്തിൽ നിന്നും പിൻവാങ്ങി. മാസിനി ഇംഗ്ലീഷ് കവിതകൾ മോഷ്ടിച്ച കള്ളനാണെന്ന് ശുക്രി ആരോപിച്ചു. അഹ്മദ് ശൗഖിയുടെയും ഹാഫിള് ഇബ്റാഹീമിന്റെയും രചനകളുടെ നിരൂപണങ്ങൾ ഉൾപ്പെടുത്തി 1921-ഓട് കൂടി മാസിനിയും അഖാദും ചേർന്ന് 'ദീവാൻ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഈ കൃതിയുടെ തുടക്കത്തിൽ അബ്ദുറഹ്മാൻ ശുക്രിയെ പ്രശംസിക്കുന്നുണ്ടെങ്കിലും പിന്നീട് രൂക്ഷമായി വിമർശിക്കുന്നുണ്ട്. കവിയുടെ ഉൾക്കാഴ്ച്ചയിൽ നിന്നും ‍ജീവിതാനുഭവങ്ങളിൽ നിന്നുമാണ് കവിതയുണ്ടാവേണ്ടതെന്ന് ദീവാൻ സാഹിത്യപ്രസ്ഥാനം നിഷ്കർഷിക്കുന്നു. കവിതയുടെ അടിസ്ഥാനം തന്നെ കവിയുടെ വ്യക്തിത്വവും വികാരങ്ങളും അനുഭവങ്ങളും പ്രകടിപ്പിക്കുന്ന സന്തോഷാധിക്യമോ ദുഃഖപ്രകടനമോ ആണെന്ന് ദീവാൻ സാഹിത്യപ്രസ്ഥാനം അഭിപ്രായപ്പെടുമ്പോൾ കവിതകൾ സ്വാഭാവികമായി ഉണ്ടാവുന്നതാണെന്ന് ഖലീൽ മുത്വ്‌റാൻ പറയുന്നു. 


ഉപജ്ഞാതാക്കൾ


ഇബ്റാഹിം അബ്ദുൽഖാദർ മാസിനി -

അബ്ദുറഹ്മാൻ ശുക്രി, അബ്ബാസ് മഹ്മൂദ് അഖാദ് എന്നിവരോടൊപ്പം ദീവാൻസാഹിത്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി എണ്ണപ്പെടുന്ന പ്രമുഖ അറബി കവിയാണ് ഇബ്റാഹിം അബ്ദുൽഖാദർ മാസിനി. 

1889ൽ കെെറോയിലെ മാസിൻ ഗോത്രത്തിൽ ജനിച്ച മാസിനി മതപരമായ അന്തരീക്ഷത്തിലാണ് വളർന്നത്. അൽ-അസ്ഹർ സർവകലാശാലയിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ പിതാവ് നിയമോപദേഷ്ടാവായും സേവനം ചെയ്തിരുന്നു. മാസിനി സെക്കണ്ടറി പഠനത്തിന് ശേഷം വെെദ്യപഠനത്തിന് ചേർന്നെങ്കിലും പോസ്റ്റുമോർട്ടം ക്ലാസുകളിൽ രക്തം പൊടിയുന്ന കാഴ്ചകൾ കാണാനുള്ള ത്രാണിയില്ലാത്തതിനാൽ പഠനം നിർത്തി. എന്നിട്ട് മദ്റസതുൽ മുഅല്ലിമീനിൽ ചേർന്നു. സഈദിയ്യ സെക്കണ്ടറി സ്കൂൾ, ഖദ്യവിയ്യ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ വെച്ച് തർജ്ജമയിൽ ബിരുദം നേടി. എങ്കിലും ഈ ജോലി ഉപേക്ഷിച്ച് 1918 ൽ രാഷ്ട്രീയത്തിലേക്കും മാധ്യമപ്രവർത്തനത്തിലേക്കും തിരിയുകയാണുണ്ടായത്. പിന്നീട് കവിതയിൽ നിപുണനായ അദ്ദേഹം ദീവാനുൽ മാസിനി എന്ന പേരിൽ രണ്ട് വാള്യങ്ങളിലായി കവിതാസമാഹാരം പുറത്തിറക്കി. പിന്നീട് ലേഖനം, കഥ, ചെറുകഥ എന്നിവ എഴുതുന്നതിൽ വ്യാപൃതനായി. തമാശയും പരിഹാസവുമാണ് അദ്ദേഹത്തിന്റെ ശെെലിയുടെ പ്രത്യേകത. മാസിനി തന്റെ സാഹിത്യ ജീവിതം ആരംഭിച്ചത് തന്നെ തന്റെ വികാരങ്ങളും വിചാരങ്ങളും സ്വപ്നങ്ങളും പങ്ക് വെക്കാനായിരുന്നു. പ്രമുഖ അറബ് കവികൾ പ്രത്യേകിച്ച് അബ്ബാസികൾ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. 1949 ൽ അദ്ദേഹം മരണപ്പെട്ടു. 


അബ്ദുറഹ്മാൻ ശുക്രി -

1886 ൽ ഈജിപ്തിലെ പോർട്ട് സഈദിൽ ജനിച്ചു. തുടർന്ന് ഹെെസ്ക്കൂൾ വിദ്യാഭാസത്തിനായി ഫ്രാൻസിൽ പോവുകയും അവിടെ വെച്ച് ബിരുദമെടുക്കുകയും ചെയ്തു. തുടർപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോവുകയും അവിടെ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അദ്ധ്യാപനത്തിൽ ഉയരങ്ങൾ കീഴടക്കിയ അദ്ദേഹം അലക്സാണ്ട്രിയയിലെ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പളായാണ് വിരമിച്ചത്. 1958 ൽ മരണമടയുന്നത് വരെ ഏകാന്തനായാണ് അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിന് 7 കവിതാസമാഹാരങ്ങളുണ്ട്. അബ്ബാസ് മഹ്മൂദ് അഖാദ്, ഇബ്റാഹിം അബ്ദുൽഖാദർ മാസിനി എന്നിവരോടൊപ്പം ദീവാൻ സാഹിത്യപ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും എന്നാൽ പിന്നീട് ഇവരോടുള്ള അഭിപ്രായവ്യത്യാസം കാരണം പിരി‍ഞ്ഞ് പോവുകയും എന്നിട്ട് ഇവരെത്തന്നെ നിരൂപിക്കുകയും ചെയ്ത അറബ് കവിയാണ് അബ്ദുറഹ്മാൻ ശുക്രി. അബ്ദുൽഖാദർ മാസിനിയെ ശുക്രി തന്റെ പഠനകാലത്ത് കോളേജിൽ വെച്ചാണ് പരിചയപ്പെടുന്നത്. അവിടെ വെച്ച് അവർ ചിരപരിചിതരാവുകയും സാഹിത്യത്തോട് പ്രത്യേകിച്ച് കവിതയോടുള്ള ബന്ധം അവരെ കൂടുതൽ അടുപ്പിക്കുകയും ചെയ്തു. ദീവാൻ സാഹിത്യപ്രസ്ഥാനത്തിന് ഒരുമിച്ച് തുടക്കമിട്ട ഇവർക്കിടയിൽ പിന്നീട് അഭിപ്രായവ്യത്യാസമുണ്ടാവുകയും പാശ്ചാത്യകവിതകളെ അന്ധമായി അനുകരിച്ചുവെന്ന് അഹ്മദ് ശൗഖി മാസിനിയുടെ മേൽ അന്നിളാം ( النظام) പത്രത്തിലൂടെ ആരോപിക്കുകയും ചെയ്തു. തിരിച്ച് മാസിനിയെയും അഖാദിനെയും വിമർശിച്ച് അബ്ദുറഹ്മാൻ ശുക്രി ഉക്കാള് ( عكاظ) പത്രത്തിൽ ലേഖന പരമ്പര പ്രസിദ്ധീകരിച്ചു. അതേ സമയം കിതാബുദ്ദീവാനിലൂടെ മാസിനി അഖാദിനെയും നിരൂപിച്ചു. 



അബ്ബാസ് മഹ്മൂദ് അഖാദ് -

കവിയും സാഹിത്യകാരനും നിരൂപകനുമാണ് അബ്ബാസ് മഹ്മൂദ് അഖാദ്. 1889 ൽ ഉസ്വാനിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് അവിടെ ഉദ്യോഗസ്ഥനായിരുന്നു. പ്രാഥമിക വിദ്യാഭാസത്തിന് ശേഷം പഠനം നിർത്തിയ അദ്ദേഹം തപാൽ വകുപ്പിൽ ഉദ്യാേഗസ്ഥനായി കുറച്ച് കൊല്ലം ജോലി ചെയ്തു. ഒരു എഴുത്തുകാരനെന്നതിലുപരിയായി സ്വപ്രയത്നത്താൽ അദ്ദേഹം കവിതയുടെയും സാഹിത്യത്തിന്റെയും അവസാന വാക്കായി മാറി. വലിയ വായനക്കാരനായിരുന്ന അദ്ദേഹം നൂറോളം ഗ്രന്ഥങ്ങളും ഏഴ് കവിതാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്. ചിന്തയുടെ ആഴവും വെെകാരികതയുടെ ശക്തിയും സമന്വയിപ്പിച്ച് എഴുതുന്നതാണ് അദ്ദേഹത്തിന്റെ ശെെലി. സർഗാത്മകതയും കാല്പനികതയും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ രചനാശെെലിയാണ് പിന്നീട് ദീവാൻ സാഹിത്യപ്രസ്ഥാനമായി മാറിയത്. റൊമാന്റിക് സാഹിത്യം എന്നും പിന്നീട് ഇത് അറിയപ്പെട്ടു. 


സംക്ഷിപ്തം

                അറബ് സാഹിത്യപ്രസ്ഥാനങ്ങളുടെ സമീപന രീതികളിൽ ശെെലീമാറ്റങ്ങൾക്ക് തുടക്കമിടാനായതാണ് ദീവാൻ സാഹിത്യപ്രസ്ഥാനത്തിന്റെ വ്യതിരിക്തത. കൊളോണിയലിസം അറബ് മേഖലകളിൽ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലനം ദീവാൻ സാഹിത്യത്തിലുടനീളം കാണാനാകും. ഗോത്രമഹിമകളിൽ നിന്ന് വ്യക്തികളുടെ വികാരങ്ങളിലേക്ക് പ്രമേയങ്ങൾ രൂപാന്തരപ്പെട്ടെങ്കിലും പഴമയുടെ പാരമ്പര്യം നിലനിർത്താനായിട്ടുണ്ട്. പാശ്ചാത്യവിദ്യാഭ്യാസം നേടിയ ഈ സാഹിത്യപ്രസ്ഥാനത്തിന്റെ ഉപഞ്ജാതാക്കളായ ത്രീമൂർത്തികളെ പാശ്ചാത്യസാഹിത്യവും സ്വാധീനിച്ചിട്ടുണ്ട്. ലോകത്ത് അന്ന് നിലനിന്നിരുന്ന സംസ്കാരങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും ആശയങ്ങളും ശെെലികളും കടം കൊണ്ടതിനാൽ അറബ്സാഹിത്യത്തെ ചെറിയതോതിലെങ്കിലും ആഗോളവൽക്കരിക്കാനായി. ഇതരസാഹിത്യപ്രസ്ഥാനങ്ങളെയും കവികളെയും നിരൂപിക്കുന്നതിലും ദീവാൻ സാഹിത്യകാരന്മാർ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. എന്നിരുന്നാലും അബ്ദുറഹ്മാൻ ശുക്രി ദീവാൻ സാഹിത്യപ്രസ്ഥാനത്തിൽ നിന്ന് ഇടക്ക് വെച്ച് പിരിഞ്ഞ്പോയി


References : marefa.org

                      e3arabi.com

                      almrsal.com

                       kahlawyhassan.com




 - അബ്ദുൽമുസവ്വിർ വെള്ളിക്കീൽ

( വാഫി കാമ്പസ് കാളികാവ് )

COMMENTS

Name

articles,150,contemporary,84,feature,11,history,9,Interview,4,Islamic,47,katha,1,News,2,poem,4,Politics,36,profile,38,Publications,4,Review,38,story,1,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ദീവാൻ സാഹിത്യപ്രസ്ഥാനം : അറബ് കവിതകൾ ലോക സാഹിത്യത്തെ പകർത്തിയ വിധം
ദീവാൻ സാഹിത്യപ്രസ്ഥാനം : അറബ് കവിതകൾ ലോക സാഹിത്യത്തെ പകർത്തിയ വിധം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNeYc8aX_zF28fLwkSMkuEOKIAV0gq3wAWd1Kt6e_6qktmJtzM4crG_s8wQ_0DYhPk1ZGVGUMXoDwWsWegX-GzkdT7ykg8VXGsAf4lASkxhplDAQbhE5xBCsBhSIBRiVQ6r4WNgXVLf3sK8f0rQ83848iytqgEwFfKHeP0Fv5gpTZmSBY2s5r2JWNWVho/w640-h640/deevan.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNeYc8aX_zF28fLwkSMkuEOKIAV0gq3wAWd1Kt6e_6qktmJtzM4crG_s8wQ_0DYhPk1ZGVGUMXoDwWsWegX-GzkdT7ykg8VXGsAf4lASkxhplDAQbhE5xBCsBhSIBRiVQ6r4WNgXVLf3sK8f0rQ83848iytqgEwFfKHeP0Fv5gpTZmSBY2s5r2JWNWVho/s72-w640-c-h640/deevan.jpg
Al Ihsan Online Magazine
http://www.alihsanonweb.com/2023/10/The%20Dewan%20Literary%20Movement%20How%20Arabic%20Poetry%20Copied%20World%20Literature.html
http://www.alihsanonweb.com/
http://www.alihsanonweb.com/
http://www.alihsanonweb.com/2023/10/The%20Dewan%20Literary%20Movement%20How%20Arabic%20Poetry%20Copied%20World%20Literature.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content